Category Archives: വ്യക്തികൾ

K.K. പരമേശ്വരന്‍

gireesh-arangottukara-01ആറങ്ങോട്ടുകരയുടെ സാമുഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി. ആറങ്ങോട്ടുകരയുടെ ചരിത്ര പഠന കുട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍.

Share This:

തായമ്പകയിലെ വേറിട്ട ശബ്ദമായി ശിവന്‍ ആറങ്ങോട്ടുകര

photoതായമ്പകയിലെ വേറിട്ട ശബ്ദതിനുടമയാണ് ശിവന്‍ ആറങ്ങോട്ടുകര. പ്രശസ്ത ചെണ്ട കലാകാരനായിരുന്ന ചേലാത്ത് കൃഷ്ണന്‍കുട്ടി നായരുടേയും ആറങ്ങോട്ടുകര മൂത്തേടത്ത് വീട്ടില്‍ സുലോചന അമ്മയുടേയും മകനാണ് ശിവദാസന്‍ എന്ന ശിവന്‍ ആറങ്ങോട്ടുകര(48). ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കുന്നതില്‍ മുന്പനായിരുന്ന യശശരീരനായ തൃത്താല കേശവപൊതുവാള്‍ എന്ന മഹാപ്രതിഭയുടെ ശിഷ്യരില്‍ മുന്പനാണ് ശിവന്‍. Continue reading

Share This:

സേതു ആറങ്ങോട്

gireesh-arangottukara-02കേരളത്തിലെ പ്രൊഫഷണൽ അമേച്വർ നാടക രംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് ആറങ്ങോട്ടുകര എഴുമാങ്ങാട് പുലക്കൾ വീട്ടിൽ സേതുമാധവൻ എന്ന സേതു ആറങ്ങോട് . കുട്ടിക്കാലത്ത്  കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രചരനവുമയി ബന്ധപെട്ട് അരങ്ങേറിയ നാടകങ്ങൾ കണ്ടാണ്‌ സേതു നാടക രംഗത്തേക്ക് കടക്കുന്നത്. എഴുമങ്ങാട്  എ.യു.പി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടക്കത്തിൽ സ്ത്രീ വേഷം അഭിനയിച്ചു് രംഗത്തെത്തിയ സേതു പട്ടാമ്പി ഹൈസ്കൂൾ പഠനകാലത്തും നാടകങ്ങളിൽ സജീവമായിരുന്നു. ഹൈസ്കൂള്‍ പഠനശേഷം കേച്ചേരിയിലെ കലാലയം നാടക ട്രൂപ്പില്‍ ചേര്‍ന്നു. അന്ന് കാര്‍ണിവല്‍ നാടകങ്ങളാണ് അരങ്ങേറിയുരുന്നത്. നാടകക്കാര്‍ സര്‍ക്കസ് കാരെ പോലെ ടെന്‍റ് കെട്ടി കളിക്കുന്ന സമ്പ്രദായമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.

സ്ക്രിപ്റ്റ് ഇല്ലാതെ സംവിധായകന്‍ ആശയം പറയുകയും അത് ഹാസ്യത്തിന് പ്രാധാന്യം നല്‍കി സ്റ്റേജില്‍ അവതരിപ്പിക്കുകയും ആയിരുന്നു അന്നത്തെ പതിവ്. മദ്രാസിലും ബോംബയിലുമൊക്കെ അന്ന് കാര്‍ണിവല്‍ നാടകം കളിച്ചിട്ടുണ്ട് സേതു. നാല്‍പതു വര്‍ഷക്കാലം നാടകരംഗത്ത്‌ സജീവമായിരുന്നു. തൃശൂര്‍ സമഭാവന തീയേട്ടെസിന്റെ സപര്യ, കോഴിക്കോട് ചിരന്തന തീയേട്ടെസിന്റെ ഇവര്‍ ഇന്ന് വിവാഹിതരാകുന്നു. പ്രശസ്ത എഴുത്തുകാരിയയിരുന്ന കമലാദാസിന്റെ മാധവിവര്‍മ എന്ന ഏകാംഗ നാടകം, കഴിമ്പ്രം തീയേട്ടെസിന്റെ തെക്ക് നിന്നൊരു തെന്നാലി, പാലക്കാട്‌  സുര്യ ചേതനയുടെ മങ്ങാട്ടച്ചനും കുഞ്ഞാലി മുസ്ലയാരും തുടങ്ങിയ നാടകങ്ങളിലും പൊന്നാനി ഇടശ്ശേരി നാടക അരങ്ങിലും നിരവതി വേഷങ്ങള്‍ സേതു ചെയ്തിട്ടുണ്ട് . നയന, ശാന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത പന്തിരുകുലം, എം.ടി യുടെ നാലുകെട്ട്, ദി ബീച്, മാഷ് സീരിയലുകളില്‍ വേഷമിട്ടു. ആമ്പല്‍ പൂവ്, കഥാകൃത്തായിരുന്ന കെ. ടി ഗോപിയുടെ ഉധരമാതികളുടെ വരവ് എന്ന കഥയുടെ നാടകരൂപം, കിളിപടിയ ഗ്രാമം എന്നിങ്ങനെ റേഡിയോ നാടകങ്ങളുടെ രചയിതാവാണ്.

ആകാശവാണിയുടെ നിരവധി നാടകള്‍ക്ക് ശബ്ദ്ദം നല്‍കിയിട്ടുണ്ട്. ആറങ്ങോട്ടുകരക്ക് നാടക ലോകത്ത് മേല്‍വിലാസം ഉണ്ടാക്കികൊടുത്ത വ്യക്തിത്വങ്ങളില്‍ തന്റെതായ ഒരിടം ഈ അമ്പത്തേഴുകാരനുണ്ട്. അനുഗ്രഹീത ശബ്ദ്ദത്തിനുടമ കൂടിയാണ് സേതു ആറങ്ങോട്. ഇപ്പോള്‍ ആറങ്ങോട്ടുകരയില്‍ ബിസിനസ് നടത്തുകയാണ്. ഭാര്യ:കലാമണ്ഡലം ഗിരിജ. മക്കള്‍: ജിഷ്ണു, ഗായത്രി.

കെ. കെ പരമേശ്വരന്‍

Share This:

കെ. വാസുദേവന്‍ മൂസ്സത്‌

12065519_887842464614740_4932776889660091798_nകെ.വി.എം. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ കെ. വാസുദേവന്‍ മൂസ്സത് തിരുമിറ്റക്കോട്ടംശം എഴുമങ്ങാട്ടു ദേശത്തുള്ള കയ്പ്പിള്ളി ഇല്ലത്താണ് ജനനം. 1888 ജൂണ്‍ 28 ന് (കൊ.വ. 1063 മിഥുനം 16 വ്യാഴം അവിട്ടം). അച്ഛന്‍ കുഞ്ചു എന്ന് വിളിക്കുന്ന പി. നീലകണഠന്‍ മൂസ്സ് വൈദ്യനായിരുന്നു. അമ്മ ആര്യ എന്ന നങ്ങയ്യ മനയമ്മ. ഇല്ലത്തു വച്ചുതന്നെ നിലത്തെഴുത്ത് പഠിച്ചു. അച്ഛന്റെ അനന്തിരവന്‍ കേശവന്‍ മൂസ്സതിന്റെ കീഴില്‍ തുടര്‍ന്ന് പഠനം തുടങ്ങി. പിന്നീട് മുത്തേടത്തു കൃഷ്ണന്‍നായര്‍ എന്ന നാട്ടെഴുത്തച്ഛന്‍ പഠിപ്പിച്ചു. പന്ത്രണ്ടാം വയസ്സില്‍ എളവള്ളി വലിയവീട്ടില്‍ ശങ്കരന്‍ നായരുടെ കീഴില്‍ സംസ്‌കൃതം മാഘം വരെ പഠിച്ചു. അതിനു ശേഷമാണ് പുന്നശ്ശേരി ഗുരുകുലത്തില്‍ എത്തിയത്. അവിടെ ചിട്ടയായി സംസികൃതാഭ്യസനം നടത്തി. പി.എസ്. അനന്തനാരായണ ശാസ്ത്രികള്‍ അക്കാലത്ത് കെ.വി.എമ്മിന് പഠിപ്പിച്ചിട്ടുണ്ട്. കുറച്ചുനാള്‍ വൈദ്യം പഠിച്ചു, ‘ ഉപവൈദ്യന്‍’ പരീക്ഷ ജയിച്ചു എങ്കിലും ചികിത്സ ജീവിതവൃത്തിയായി സ്വീകരിച്ചില്ല. അന്നേ സാഹിത്യത്തിലയീരുന്നു താല്പര്യം. 19-ാം വയസ്സില്‍ പഠിപ്പ് അവസാനിപ്പിച്ച് ഇല്ലത്തേയ്ക്ക് മടങ്ങി. ദേശമംഗലം വക അച്ചുകൂടത്തിന്റെയും മംഗളോദയം മാസികയുടേയും നടത്തിപ്പില്‍ പങ്കാളിയായി.

വള്ളത്തോളും , അപ്പന്‍ തമ്പുരാനുമായി പരിചയപ്പെട്ടു.പട്ടത്തു വാസുദേവന്‍ മുസ്സതിന്റെ സഹോദരിയെ വിവാഹം ചെയ്തു.മംഗളോദയം പ്രസിദ്ധീകരണ വിഭാഗത്തില്‍പുസ്തക പരിശോധകനായിരിക്കവെ കുറ്റിപ്പുറത്തു കേശവന്‍ നായരുമായി പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് പതഞ്ജലയോഗ സൂത്രം പഠിക്കുകയും ചെയ്തു.ഒരു വര്‍ഷത്തെ ജോലിക്കു ശേഷം കുറേ നാള്‍ ദേവസ്വത്തില്‍ കണക്കെഴുത്തുകാരനായി.പിന്നെ പട്ടാമ്പി സംസ്‌കൃത കോളേജില്‍ അഞ്ച് വര്‍ഷക്കാലം പഠിപ്പിച്ചു.വിജ്ഞാന ചിന്താമണി സഹപത്രാധിപരായിരുന്നു.പട്ടാമ്പി സംസ്‌കൃത പാഠശാലക്ക് ധനം ശേഖരിക്കാന്‍ നടത്തിയ പദയാത്രയില്‍ പങ്കാളിയായിരുന്നു.വീണ്ടും മംഗളോദയത്തിലെത്തി.ഒരിടവേളക്ക് ശേഷം ഒരിക്കല്‍ കൂടി പട്ടാമ്പിയില്‍ അദ്ധ്യാപകനായി. അതോടൊപ്പം സമഭാവിനി പത്രാധിപത്യവും വഹിച്ചു. 1925 ല്‍ മദിരാശിയില്‍ നടന്ന അഖിലേന്ത്യാ ഓറിയന്റല്‍ കോണ്‍ഫറന്‍സില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തു. വീണ്ടും മംഗളോദയത്തില്‍. വെള്ളിനെഴി ഹയര്‍ എലിമെന്ററി സ്‌കൂളില്‍ അദ്ധ്യാപികനായിരിക്കുമ്പോഴാണ് സാഹിതി പത്രാധിപത്യം വഹിച്ചത്. ജന്മിമാരുടെ പത്രമായ വസുമതിയുടെ പത്രാധിപര്‍ എന്ന നിലയിലാണ് കോഴിക്കോട്ടോയ്ക്ക് പോയത്, വസുമതി നിന്നപ്പോള്‍ മംഗളോദയത്തിലെത്തി. കൊച്ചി ഭാഷാപരിഷ്‌കരണക്കമിറ്റിയില്‍ പണ്ഡിതരായി സേവനം അനുഷ്ഠിച്ചു. 1928 ല്‍ വീണ്ടും വേളി കഴിച്ചു. ചോരത്തു കുട്ടന്‍ മൂസ്സതിന്റെ സഹോദരിയായീരുന്നു വധു. തൃശ്ശൂരില്‍ ഗവണ്മെന്റ് ഗേള്‍സ്‌ഹൈസ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കെ.വി.എമ്മിന് അവസാന നാളുകളില്‍ പ്രതിമാസം നൂറു രൂപ അലവന്‍സ് നല്കിയിരുന്നു. വളര്‍ത്തുമകന്റെ സൗകര്യാര്‍ത്ഥം താമസം ഷൊര്‍ണ്ണൂര്‍ക്ക് മാറ്റി. അവസാന നാളുകള്‍ ചെലവിട്ടത് തിരുമിറ്റക്കോട്ടു തന്നെ. 1965 ഒക്ടോബര്‍ 19 ന് മരിച്ചു.

കവിത , നോവല്‍, വിവര്‍ത്തനം,വ്യാഖ്യാനം, , ഗവേഷണപ്രബന്ധങ്ങള്‍ ഉപന്യാസങ്ങള്‍ -പരപ്പാര്‍ന്നതാണ് കെ.വി എമ്മിന്റെ സാഹിത്യ സംഭാവന. പട്ടാമ്പിയില്‍ പഠിക്കുന്ന കാലത്താണ് എഴുതി തുടങ്ങിയത്. സംസ്‌കൃതത്തിലും കവിതകളും ലേഖനങ്ങളും എഴുതി. പട്ടാമ്പി വാസകാലത്ത് വിവര്‍ത്തനം ചെയ്ത ഭവാനീറാണി ആണ് ആദ്യത്തെ പുസ്തകം. നാലു കവിതാ സമാഹാരങ്ങള്‍, പത്തൊന്‍പതു നേവലുകള്‍, എട്ടു കഥാസമാഹാരങ്ങള്‍, ഒരു ബാലസാഹിത്യകൃതി, പതിനൊന്ന് ഉപന്യാസസമാഹാരങ്ങള്‍,രണ്ട് നിരൂപണഗ്രന്ഥങ്ങള്‍, നാല് ജീവിത ചരിത്രങ്ങള്‍,ആത്മകഥ,മുപ്പത്തിനാലു വ്യാഖ്യാനങ്ങള്‍ മറ്റു വിഭാഗങ്ങളില്‍പ്പെട്ട ഏഴു ക്ൃതികള്‍,ഒന്‍പതു പരിഭാഷകള്‍, -ഒട്ടാകെ നൂറു കൃതികളാണ് കെ .വി എം . എഴുതിയത് വാസിഷ്ഠരാമായണം, ആനന്ദരാമായണം എന്നിവയുടെ ഗദ്യവിവര്‍ത്തനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നൂ.കൗടില്യന്റെ അര്‍ത്ഥശാസ്ത്രപരിപാഷയാണ് ഒരു മികച്ച സംഭാവന. കൊച്ചി ഭാഷാ പരിഷ്‌കരണകമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ സാഹിത്യദര്‍പ്പണ പരിഭാഷയ്ക്കു പിന്നിലും കെ.വി.എം ഉണ്ട്.. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്യവും, പട്ടാമ്പിയിലെ പണ്ഡിത സദസ്സ് നല്‍കിയസാഹിത്യ രത്‌ന ബിരുദവും മാത്രമാണ് അദ്ധേഹത്തിനു ലഭിച്ച അംഗികാരങ്ങള്‍.

Share This: